Saturday, 17 May 2014

കൊട്ടാരക്കരയ്ക് ആ പേരു വന്നതെങ്ങനെ? ഒരു കൊച്ചു മിടുക്കിയുടെ അന്വേഷണം

 
                          കഴിഞ്ഞ ‍ഞായറാഴ്ചയായിരുന്നു കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ആറാട്ട്. എത്ര ആനയുണ്ടായിരുന്നെന്നോ? ഇരുപത്തൊന്നെണ്ണം.ധാരാളം ഫ്ളോട്ടുകളും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടു നിന്നപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നത് .കൊട്ടാരക്കരയ്ക്ക്ഈ പേരുകിട്ടിയത് എങ്ങനെയായിരിക്കും? കൊട്ടാരങ്ങള്‍ ഒരുപാടുള്ള നാടായതു കൊണ്ടാണോ കൊട്ടാരക്കര എന്നു പേരു കിട്ടിയത്? ഞാന്‍ അടുത്തു നിന്ന അമ്മയോടും അച്ഛനോടും ചോദിച്ചു. അവര്‍ക്കറിയാവുന്ന കുറച്ചു കാര്യങ്ങള്‍ എനിക്കു പറഞ്ഞുതന്നു.അപ്പോള്‍ കൂടുതല്‍ അറിയണമെന്ന് ആഗ്രഹമായി.ഞാന്‍ എന്റെ ക്ലാസ്സിലെ അമല്‍ഘോഷിനെയും കൂട്ടി മുതിര്‍ന്ന പലരോടും അന്വേഷിച്ചു അങ്ങിനെ കണ്ടത്തിയ കുറച്ചു കാര്യങ്ങള്‍ ഇതാ..........വായിച്ചു നോക്കി അഭിപ്രായം പറയണേ........

                                       കേരളത്തിന്റ രാഷ്ട്രീയ സാംസ്കാരിക പൈതൃകങ്ങള്‍ ഒന്നു ചേര്‍ന്നു വിളങ്ങുന്ന പഴയ ദേശിംഗനാടിന്റെ വടക്കു കിഴക്കന്‍ മലയോര മേഖലയാണ് കൊട്ടാരക്കര. മംഗളദായകനായ ഗണപതിഭഗവാന്റെ നാടാണ് കൊട്ടാരക്കര. രാഷ്ട്രപിതാവായ മഹാത്മജിയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയ പുണ്യഭൂമിയാണിത്. ഹരിത കേരളത്തിന്റെ പച്ചപ്പും തുടിപ്പും പ്രതിഫലിക്കുന്ന പഴയ നെല്ലറകളുടെ നാടാണിത്. കാലം മാറിയപ്പോള്‍ നെല്ലറകള്‍ മറഞ്ഞെങ്കിലും മതസൗഹാര്‍ദ്ദം നെഞ്ചേറ്റി ലാളിക്കുന്ന നാടുമാണ്.

                               കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് മഹാ ഗണപതി ക്ഷേത്രം . കൊട്ടാരക്കര എന്ന സ്ഥല നാമം ഈ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്രത്തിനു സമീപത്തുള്ള കൊട്ടാരത്തിലെ പന്ത്രണ്ടുകാല്‍ മണ്ഡപത്തില്‍ വച്ചായിരുന്നു കരക്കാര്‍ തമ്മില്‍ ഉത്സവ വിചാരങ്ങള്‍ നടത്തിയിരുന്നത്. കിഴക്കേക്കരയും പടിഞ്ഞാറേക്കരയുമായിരുന്നു ഇവ. കൊട്ടാരത്തില്‍ വച്ചു നടത്തിയിരുന്ന ഈ സഭയുടെ പ്രാധാന്യം മൂലമാണ് ഈ പേരു വന്നത് എന്നാണ് ഒരു കഥ. ഇതിഹാസങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന പഴയ ഇളയിടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത്. നെല്‍വയലുകളുടെ കരയിലുള്ള സമതല ഭൂമിയില്‍ അങ്ങിങ്ങ് ഏഴു രാജകൊട്ടാരങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു.കൊട്ടാരങ്ങള്‍ നിലനിന്നിരുന്ന കര അങ്ങനെ കൊട്ടാരക്കരയായി മാറി എന്നും പറയപ്പെടുന്നു. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന കൊട്ടാരക്കരയിലെ ഗണപതി ക്ഷേത്രവും മസ്ജിദും ക്രിസ്ത്യന്‍ ദേവാലയവും നിര്‍മ്മിക്കപ്പെട്ടത് ഇളയിടത്തു സ്വരൂപം ഭരിക്കുന്ന കാലത്താണ്.

                          വിശ്വ പ്രസിദ്ധ കലയായ കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാന്റെ നാടാണിത്.തെക്കര്‍ക്ക് കൃഷ്ണനാട്ടം ആസ്വദിക്കുവാനുള്ള കഴിവില്ലെന്ന കോഴിക്കോട് സാമൂതിരിയുടെ പരിഹാസത്തില്‍ മനം നൊന്ത് ഗണപതി ക്ഷേത്രത്തില്‍ ഇരിക്കുമ്പോഴാണ് തമ്പുരാന്റെ മനസ്സില്‍ രാമനാട്ട രൂപങ്ങളുണര്‍ന്നതെന്ന് ഐതീഹ്യം. ആ രാമനാട്ടം പിന്നീട് കഥകളിയായി വളര്‍ന്നു. അങ്ങനെ കഥകളിയുടെ ജന്മ നാടായി കൊട്ടാരക്കര അറിയപ്പെടുന്നു.

                               കൊട്ടാരക്കരയിലെ ജനങ്ങള്‍ക്ക് ധാരാളം പരിമിതികള്‍ ഉണ്ടെങ്കിലും ഏറെ സൗകര്യങ്ങളുമുണ്ട് ഒട്ടു മിക്ക സര്‍ക്കാര്‍ ഓഫീസുകളും കൊട്ടാരക്കരയില്‍ ഉണ്ട്. കൂടാതെകേരള റൂറല്‍ ഡവലപ്മെന്റിന്റെ ആസ്ഥാനവും കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതിയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കാര്‍ഷികമേഖലയിലെ വികസനത്തിനു വേണ്ടിയുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രം കൊട്ടാരക്കരയിലെ സദാനന്ദപുരത്തു സ്ഥിതി ചെയ്യുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി ഒരു മാലിന്യ സംസ്കരണ പ്ളാന്റും ഉഗ്രന്‍കുന്നില്‍ സ്ഥിതി ചെയ്യുന്നു. നല്ല രീതിയിലുള്ള റോഡ് ഗതാഗതവും റെയില്‍വേ സൗകര്യങ്ങളുമുണ്ട്. കഥകളിയുടെ ജന്മനാടായ കൊട്ടാരക്കര ഇനിയും വികസിക്കട്ടെ.............

                                                                                    വൃന്ദ.വി .എ
                                                                                    അമല്‍ ഘോഷ്.റ്റി എസ്
                                                                                        std  -4 A

4 comments:

  1. ഈ അന്വേഷണത്വര പ്രശംസനീയം തന്നെ. അഭിനന്ദനങ്ങള്‍! കൊട്ടാരക്കരയില്‍ താമസിക്കുന്ന എനിക്ക് കൊട്ടാരക്കരയെപ്പറ്റി അറിയണമെന്ന് നേരത്തേ തോന്നാത്തതില്‍ ലജ്ജ തോന്നി. കഥകളിയെപ്പറ്റി പറഞ്ഞല്ലോ. കഥകളി വേഷങ്ങളെപ്പറ്റി അറിയാന്‍ താല്പര്യമുണ്ട്. ഹ്രസ്വവിവരണം തന്നാല്‍ ബ്ലോഗ് വായനക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്നു തോന്നുന്നു.

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിനു നന്ദി. കഥകളിയെപ്പറ്റി ഒരു വിവരണം തീര്‍ച്ചയായും നല്‍കുന്നതാണ്.

      Delete
  2. നന്ദി വൃന്ദയ്ക്കും അമലിനും

    ReplyDelete
  3. നന്ദി വൃന്ദയ്ക്കും അമലിനും

    ReplyDelete