Monday, 30 June 2014

എന്നെ സ്വാധീനിച്ച ന്യൂ മാത്സ് ക്യാമ്പ്


                     എന്റെ അവധിക്കാലം വളരെ സന്തോഷകരമായിരുന്നു. ധാരാളം കളിച്ചു,ഞങ്ങളുടെ വിടിനു സമീപത്തുള് ഗ്രൗണ്ടില്‍ വച്ചു നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലും പരമ്പരയിലും എനിക്ക് നല്ല പ്രകടനം കാഴ്ച വയ്കാന്‍ കഴിഞ്ഞു. പക്ഷേ ബാറ്റും ബോളും കൈവശമുള്ള എന്റെ കൂട്ടുകാരന്‍ ബന്ധു വീട്ടീലേക്ക് പോയതോടെ എന്റ ക്രിക്കറ്റ് കളി അവസാനിച്ചു. പിന്നെ അവധിക്കാലത്ത് കൂടുതല്‍ പുസ്തകങ്ങളൊന്നും വായിക്കാന്‍ കഴിഞ്ഞില്ല എന്നൊരു ദു:ഖവുമുണ്ട്.

                         എന്നാല്‍ എന്റെ ദു:ഖങ്ങള്‍ക്കെല്ലാം അവധി കൊടുത്തു കൊണ്ട് ഒരു സന്തോഷവാര്‍ത്ത എന്നെ തേടിയെത്തി.ഞാന്‍ എഴുതിയ'' ന്യൂ മാത്സ് ''പരീക്ഷയില്‍ ഭേദപ്പെട്ട മാര്‍ക്കോടെ സംസ്ഥാനതലത്തിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത!!! അതു കേട്ടപ്പോള്‍ മുതല്‍ എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു...ഒരു ജില്ലയില്‍ നിന്ന് 5 പേര്‍ക്കു മാത്രമാണ് സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. അതിലൊരാളാകാന്‍ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഈ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഇതോടു കൂടി എനിക്ക് ലഭിച്ചിരിക്കുകയാണ്

                                    കേരളത്തിന്റെ വടക്കന്‍ ജില്ലകളിലൊന്നായ കോഴിക്കോട് വച്ചായിരുന്നു ന്യൂ മാത്സിന്റെ ക്യാമ്പ്. 18-5-2014മുതല്‍ 28-5-2014 വരെയായിരുന്നു ക്യാമ്പ്. എല്ലാ ജില്ലകളില്‍ നിന്നുമായി ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 70 പേരും കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 70പേരുമടക്കം 140 പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. എന്നെ വളരെയേറെ സ്വാധീനിച്ച ഒരു ക്യാമ്പാണിത്.കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി ധാരാളം പുതിയ സുഹൃത്തുക്കളെ ലഭിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നു വന്ന ആഷിക് ആയിരുന്നു എന്റെ പ്രിയ കൂട്ടുകാരന്‍.
                 ഗണിതം എനിക്ക് കൂടുതല്‍ ലളിതവും മധുരവുമായിത്തീര്‍ന്നു. ഗണിതത്തെക്കുറിച്ച് കൂടുതല്‍ അറിയാനും മനസ്സില്‍ അത് പളുങ്കുമണികള്‍ പോലെ കോര്‍ത്തിടാനും കഴിഞ്ഞു.

ഗണിതത്തെ ഭയം കൂടാതെ നേരിടാന്‍ ഈ ക്യാമ്പ് എന്നെ പ്രാപ്തനാക്കിയെന്ന് എനിക്കു തോന്നുന്നു. ഗുണിതങ്ങളെ എളുപ്പത്തില്‍ കണ്ടു പിടിക്കാനുള്ള വഴികളും എണ്ണാതെ എണ്ണുന്നതെങ്ങനെയെന്നും അധ്യാപകര്‍ ഞങ്ങളെ പഠിപ്പിച്ചു. വിക്ടേഴ്സ് ചാനലിലൂടെ സുപരിചിതനായ കൃഷ്ണന്‍ മാഷ് ഞങ്ങള്‍ക്ക് ക്ലാസെടുത്തു.അവിടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ് ജ്യാമിതിയുടേതായിരുന്നു.പിന്നെ പരപ്പളവ് എളുപ്പത്തില്‍ കാണാനുള്ള മാര്‍ഗ്ഗം പഠിപ്പിച്ചത് വളരെ രസകരമായി തോന്നി.ഭാഗങ്ങള്‍ ,ഭിന്നസംഖ്യകള്‍,ഘടകങ്ങള്‍ കണ്ടെത്തല്‍,ശിഷ്ടത്തെ അടിസ്ഥാനമാക്കി വിവിധ ഗണിത ക്രിയകള്‍ ചെയ്യല്‍, പിന്നെ കമ്പ്യൂട്ടറിലെ പുതിയ സോഫ്റ്റ് വെയറായ'Geo Gebra' പരിചയപ്പെട്ടു. ഇങ്ങനെ ധാരാളം പുതിയ അറിവുകള്‍ നേടാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കു ക്ലാസ്സ് എടുക്കാന്‍ വന്ന പല അധ്യാപകരെയും എനിക്കു മറക്കാന്‍ കഴിയില്ല. സുനില്‍ ,രമേശ്,വേണു,അജിത്ത്,അബ്ദുള്ള എന്നിങ്ങനെ ഒരുപാട് അധ്യാപകര്‍.

                                 പത്തു ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയത് ഞാന്‍ അറിഞ്ഞതേയില്ല. വീട്ടില്‍ തിരികെയെത്തിയപ്പോള്‍ അമ്മയും ചേച്ചിയും എന്നെ കാത്തിരിക്കുകയായിരുന്നു.നീണ്ട മധ്യവേനലവധിക്കു ശേഷംസ്കൂള്‍ തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ . കൂട്ടുകാരെ കാണാന്‍ തിടുക്കമായി. സ്കൂളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ പുഷ്പങ്ങള്‍ ഉല്ലസിക്കുംപോലെ പുഞ്ചിരി വിടരുന്നു.
                                                           സംഗീത്-  7A


Saturday, 28 June 2014

ഗ്രാഫ്റ്റിംഗ്

                            കുട്ടികള്‍ കൊമ്പ് ഒട്ടിക്കല്‍ പരിശീലിക്കുന്നു




Friday, 27 June 2014

ജൂണ്‍ 26 ലോക ലഹരി വിരുദ്ധദിനം



                           
                   ലോക ലഹരി വിരുദ്ധ ദിനത്തില്‍ സ്കൂളില്‍ പ്രത്യേക അസംബ്ളി നടത്തി. എല്ലാ കുട്ടികളും ലഹരി വിരുദ്ധ ബാഡ്ജുകള്‍ ധരിച്ചാണ് സ്കൂളിലെത്തിയത് . ലഹരി വിരുദ്ധ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും അവതരിപ്പിച്ചു. ഉച്ചയ്ക്ക് 2മണി മുതല്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.      കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സില്‍ പങ്കെടുത്തു.       ശ്രീ .R.ബാബു  ( സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ,എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് , ആലപ്പുഴ) ആണ് ക്ലാസ് നയിച്ചത് .കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ രീതിയില്‍ വളരെ വിശദമായ ക്ലാസ് ആയിരുന്നു. ക്ലാസ്സിനു ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. PTAഎക്സിക്യൂട്ടീവ് അംഗം  ശ്രീ.രാജു ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീമതി .K.ഷൈല സ്വാഗതം ആശംസിച്ചു. ശ്രീമതി.ഉഷാകുമാരി കൃതജ്ഞത രേഖപ്പെടുത്തി.

Thursday, 19 June 2014

വായനാദിനം ജൂണ്‍ 19 - പി.എന്‍ പണിക്കര്‍ ചരമദിനം .

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പി.എൻ.പണിക്കർ .

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ  ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്


        വായനാ ദിനാചരണം സ്കൂളില്‍


            വായനാ ദിനത്തില്‍ സ്കൂള്‍ അസംബ്ലി നയിച്ചത് ഒന്നാം ക്ലാസിലെ കുട്ടികളായിരുന്നു. പി.എന്‍ പണിക്കര്‍ അനുസ്മരണം വായനാദിന പ്രതിജ്ഞ, പുസ്തകാസ്വാദനം ,കഥപറയല്‍  എന്നിവ അവതരിപ്പിച്ചു . വായനാവാരത്തിന്റ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി.L.വല്‍സമ്മ  ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പുസ്തകം നല്‍കി ക്കൊണ്ട്   നിര്‍വ്വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് കുട്ടികള്‍ക്ക് വായനാദിനസന്ദേശം നല്കി. കുട്ടികള്‍ തയ്യാറാക്കിയ വായനാ ദിന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. വായന പ്രോത്സാഹിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍
അവതരിപ്പിച്ചു.''ജന്മദിനത്തിനു പുസ്തകം സമ്മാനം'' എന്ന പരിപാടി തുടരാനും സ്കൂളിന് ഒരു പുസ്തകം സമ്മാനം എന്നരീതിയില്‍ സമീപപ്രദേശങ്ങളിലെ വീടുകളില്‍ നിന്നും പുസ്തകങ്ങള്‍ സമാഹരിക്കാനും കുട്ടികള്‍ തയ്യാറാക്കുന്ന പുസ്തകാസ്വാദനക്കുറിപ്പുകള്‍ ശേഖരിച്ച് ആസ്വാദനക്കുറിപ്പ് രജിസ്റ്റര്‍ തയ്യാറാക്കാനും തീരുമാനിച്ചു.

തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വായനാവാരവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും പ്രത്യേക അസംബ്ലി നടത്തുന്നതാണ്. ഓരോ ദിവസവും ഉച്ചക്ക് താഴെപ്പറയുന്ന പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

തിങ്കള്‍- ,വായനാമത്സരം,കേട്ടെഴുത്ത്

ചൊവ്വ-പുസ്തകാവലോകനം,അന്താക്ഷരി

ബുധന്‍ -സാഹിത്യ ക്വിസ്

വ്യാഴം-ആസ്വാദനക്കുറിപ്പ്

വെള്ളി-ഉപന്യാസരചന
























Monday, 16 June 2014

കായികപ്രജനനം




അനുകൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗം
 മാതൃസസ്യത്തിൽനിന്നും വേർപെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയക്ക് കായികപ്രജനനം എന്നു പറയുന്നു. പലസസ്യങ്ങളിലും വംശവർധനവിനുള്ള പ്രധാനോപാധി കായികപ്രജനനമാണ്.


കായികപ്രജനനത്തെ നൈസർഗികം, കൃത്രിമം


എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.

 
വേര്, കാണ്ഡം, ഇല എന്നീ ഭാഗങ്ങളിലൂടെയാണ് മിക്ക സസ്യങ്ങളും വംശവർധനവ് നടത്തുക.
കാണ്ഡങ്ങൾ മുഖേനയുള്ള കായികപ്രജനനം


പല പുൽച്ചെടികളിലും മുട്ടുകളിൽനിന്നും മുകുളങ്ങൾ വളർന്ന് പടരുന്നു. ഇവ മാതൃകാണ്ഡത്തിൽനിന്നും വേർപെടാനിടയായാൽ സ്വതന്ത്രസസ്യമായി തീരുന്നു. കരിമ്പ്, മുന്തിരി, മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങളിലെല്ലാം വംശവർധനവ് പ്രധാനമായും കാണ്ഡങ്ങൾ മുഖേനയാണ്.ഇഞ്ചി, ഉരുളക്കിഴങ്ങ്, ചേന, ഉള്ളി തുടങ്ങിയ ഭൂകാണ്ഡങ്ങളുള്ള സസ്യങ്ങളിൽ ഈ കാണ്ഡഭാഗങ്ങളിലെ മുകുളങ്ങൾ വളർന്നു സ്വതന്ത്രസസ്യമായി തീരുകയാണു പതിവ്.





കാച്ചിൽ‍, അഗേവ് തുടങ്ങിയ സസ്യങ്ങളിൽ
ബൾബിൽ എന്നൊരവയവം കാണ്ഡഭാഗങ്ങളിൽ ഉണ്ടാകുന്നു. ഇവ മണ്ണിൽ വീണു മുളച്ച് സ്വതന്ത്രസസ്യങ്ങളായിത്തീരുന്നു.
മൂലവ്യൂഹത്തിൽക്കൂടി


ചില ചെടികൾ അവയുടെ വേരുകളില്‍ അസ്ഥാനമുകുളങ്ങൾ പുറപ്പെടുവിക്കുക പതിവാണ്. മണ്ണിന് മുകളിലുള്ള കാണ്ഡഭാഗങ്ങൾ മുറിച്ചുകളഞ്ഞാൽ ഇങ്ങനെ സംഭവിക്കും. ഉദാ. റോസാച്ചെടി, കടപ്ലാവ്, ഈട്ടി, പെരുമരം (മട്ടി) എന്നിവ. ഈ അസ്ഥാനമുകുളങ്ങൾ വളർന്ന് സ്വതന്ത്രചെടികളായി മാറുന്നു. മധുരക്കിഴങ്ങിൽ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്.
ഇലയിൽക്കൂടി
പുണ്ണെല (ബ്രയോഫില്ലം),ആനച്ചെവിയൻ (ബിഗോണിയ) മുതലായ സസ്യങ്ങളിൽ ഇലയുടെ അരികുകളിൽ മുകുളങ്ങൾ അങ്കുരിച്ച് അംഗപ്രജനനം നടക്കാറുണ്ട്. ഇലകൾ മണ്ണിൽ വീണാൽ ഓരോന്നിലും സ്ഥിതിചെയ്യുന്ന മുകുളങ്ങൾ വളർന്നുവരുന്നതായി കാണാം. ഇപ്രകാരം വളർന്നു കഴിഞ്ഞാൽ ഓരോന്നും പ്രത്യേകമായി വേരും ഇലയും തണ്ടുമുള്ള സ്വതന്ത്രസസ്യമായി മാറുന്നു.
കൃത്രിമരീതി


തോട്ട വിളവുകളിൽ കായികപ്രജനനം കൃത്രിമ മാർഗങ്ങളിലൂടെ ഉപയോഗപ്പെടുത്തിവരുന്നു. മുറിച്ചുനടൽ (cutting), പതിവയ്ക്കൽ (layering),ഒട്ടിക്കൽ (grafting), മുകുളനം (budding) എന്നിവ ഇതിനുള്ള വിവിധമാർഗങ്ങളാണ്.





മുറിച്ചുനടൽ


<!-- @page { margin: 2cm } P { margin-bottom: 0.21cm } --> മൂലം, കാണ്ഡം, ഇലഎന്നീ സസ്യഭാഗങ്ങളുടെ കഷണങ്ങൾ ഉപയോഗിച്ചാണ് പുതിയ ചെടി ഉത്പാദിപ്പിക്കുന്നത്. ഏറെയും കാണ്ഡഭാഗമാണ് കട്ടിങ്ങിന് ഉപയോഗിക്കുന്നത്. വൃക്ഷങ്ങളിലെ കട്ടിങ്ങിന് 20-25 സെ.മീ. നീളമെങ്കിലും ഉണ്ടായിരിക്കണം. ഈ നീളത്തിൽ ഒന്നോ അധികമോ മുകുളങ്ങൾ ഉണ്ടായേ മതിയാകൂ. പൂർണ വളർച്ചയെത്തിയ മാതൃസസ്യത്തിൽനിന്നായിരിക്കണം കട്ടിങ്ങ് എടുക്കുന്നത്. 3-5 സെ. മീ. താഴ്ത്തി ഇവ മണ്ണിൽ നടുന്നു. കട്ടിങ്ങുമൂലം നിഷ്പ്രയാസം അംഗപ്രജനനം നടത്താവുന്നവയാണ് റോസ, നാരകം, കരിമ്പ്, മുന്തിരി എന്നിവ.


പതിവയ്ക്കൽ


കായികപ്രജനനമാർഗങ്ങളിൽ ഏറ്റവും സാധാരണമായത് ഇതാണ്. ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വയ്ക്കുന്നു. മണ്ണിൽ പതിഞ്ഞിരിക്കുന്ന തണ്ടിൽ മുറിവോ ചതവോ വരുത്തിയാൽ ആ ഭാഗത്തുനിന്നും ധാരാളം വേരുകൾ പൊട്ടിക്കിളിർത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തിൽ നിന്നും മുറിച്ചു മാറ്റി നട്ടാൽ പുതിയൊരു ചെടിയായി വളർന്നുകൊള്ളും. മണ്ണിൽ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണിൽ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ്ങ് (ringing). റിങ്ങിങ്ങ് നടത്തിയ തണ്ടിനു മുകളിൽനിന്ന് പോഷകസാധനങ്ങളും ഹോർമോണുകളും റിങ്ങിനുമുകളിൽ അടിഞ്ഞു കൂടുന്നതിനാലാണ് അസ്ഥാനമൂലങ്ങൾ അവിടെ ധാരാളമായി ഉണ്ടാകുന്നത്. പതിവയ്ക്കൽ കട്ടിങ്ങിനെക്കാൾ വിജയകരമാണ്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിൾ, പ്ലാവ്, പ്ളം, പിയർ എന്നിവയിലൊക്കെ പതിവയ്ക്കൽ സാധാരണയായി നടത്താം.



ഒട്ടിയ്ക്കൽ ഗ്രാഫ്റ്റിങ്




രണ്ടുതരം ചെടികളുടെ തണ്ടുകൾ തമ്മിൽ ചേർത്തൊട്ടിച്ച് ഒന്നാക്കി വളർത്തിയെടുക്കുന്ന സമ്പ്രദായമാണിത്. രണ്ടു ചെടികളിലൊന്ന് മണ്ണിൽ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നതാണ്; അതിനെ സ്റ്റോക്ക് (stock) എന്ന് പറയുന്നു. ഇതോട് ഒട്ടിച്ചു ചേർക്കുന്ന തണ്ടിന് സിയോൺ (scion) എന്നു പറയും. സ്റ്റോക്കിന്റെയും സിയോണിന്റെയും ഒട്ടിക്കാനുള്ള തണ്ടുകളുടെ ചേർന്നിരിക്കേണ്ട വശങ്ങൾ ഛേദിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകൾ (vascular tissues) തമ്മിൽ സംയോജിപ്പിച്ച് ഒന്നായി മാറ്റിയാണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ലോഹ ലവണങ്ങളും മറ്റ് ആഹാരസാധനങ്ങളും സിയോണിന് ഒട്ടിച്ചേർന്ന ഭാഗത്തു കൂടി ലഭിക്കുന്നു. അതുവഴി തന്നെ സിയോണിലെ ഇലകൾ പാകം ചെയ്ത ആഹാരസാധനങ്ങൾ സ്റ്റോക്കിന് പ്രദാനം ചെയ്യുന്നു. സ്റ്റോക്കിന്റേയും സിയോണിന്റേയും സസ്യശരീരങ്ങൾ തമ്മിൽ ഇപ്രകാരം ബന്ധം സ്ഥാപിക്കപ്പെടുന്നെങ്കിലും ഇവയോരോന്നും അതിന്റെ സ്വഭാവവിശേഷങ്ങൾ കൈവെടിയാറില്ല. രണ്ടിനം വൃക്ഷങ്ങളുടെ ഗുണങ്ങൾ ഒന്നിൽ ചേർത്തെടുക്കാനൊക്കുമെന്നതാണ് ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം. പല ഫലവൃക്ഷങ്ങളിലും ഇതു വിജയകരമായി ചെയ്തുവരുന്നുണ്ട്. ഉദാ. മാവ്, ആപ്പിൾ, പേര. മാംസളകാണ്ഡത്തോടുകൂടിയ ചെറുസസ്യങ്ങളിലും ഗ്രാഫ്റ്റിങ്ങ് നടത്താം. ഒരേ കുടുംബത്തിൽപ്പെട്ട സസ്യങ്ങൾ പരസ്പരം ഗ്രാഫ്റ്റ് ചെയ്യുവാൻ എളുപ്പമാണ്. ഉദാ. പീച്ചും ആപ്പിളും; തക്കാളിയും ഉരുളക്കിഴങ്ങും.


മുകുളനം : ബഡ്ഡിംഗ്


ഇത് ഏറെക്കുറെ ഗ്രാഫ്റ്റിങ്ങ് പോലെ തന്നെ. ഒരു പ്രധാന വ്യത്യാസം ബഡ്ഡിംഗിൽ സിയോണായി ഉപയോഗിക്കുന്നത് ഒരു മുകുളം മാത്രമായിരിക്കും എന്നതാണ്.അതുകൊണ്ട് മുട്ടുകളുള്ള ഭാഗത്തെ പുറന്തൊലി മുകുളത്തോടുകൂടി ചെത്തിയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. മുകുളത്തെ വഹിക്കുന്ന ഈ പുറംപട്ടക്കഷണത്തിന്റെ അകവശത്ത് അതിന്റെ സംവഹനകലയ്ക്കു യാതൊരു കോട്ടവും തട്ടാത്തവണ്ണം വേർപെടുത്തി എടുത്തശേഷം സ്റ്റോക് സസ്യത്തിന്റെ കാണ്ഡത്തിന്റെ പുറംപട്ട T-ആകൃതിയിൽ മുറിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകൾ തമ്മിൽ ചേർന്നിരിക്കത്തക്കവണ്ണം സ്ഥാപിച്ച് ചരടുകൊണ്ട് വരിഞ്ഞുകെട്ടിവച്ചിരുന്നാൽ കാലക്രമത്തിൽ ഇവ തമ്മിൽ ശാരീരികസംയോജനം നടന്നുകൊള്ളും. അതിനുശേഷം സിയോണിന്റെ മുകുളം വളർന്ന് പുഷ്ടിപ്പെട്ടുവരുന്നതിനുള്ള പോഷകസാധനങ്ങൾ                                                                                                    സ്റ്
റോക് പ്രദാനം ചെയ്തുകൊണ്ടിരിക്കും. റോസ, റബർ, പേര മുതലായ ചെടികളിൽ ഇങ്ങനെ
അംഗപ്രജനനം നടത്തുകസാധാരണമാണ്.
  

ടിഷ്യൂ കള്‍ച്ചര്‍


വീഡിയോ കാണാന്‍ താഴെ ക്ളിക്ക് ചെയ്യൂ.


watch video                          

(Std  7 അടിസ്ഥാനശാസ്ത്രം    unit  1)        

Thursday, 12 June 2014

-അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

                                    -അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.