Thursday, 6 March 2014

യാത്രാ വിവരണം-തെന്മല

എന്നെ ആകര്‍ഷിച്ച ശെന്തുരുണി
 


                      ദേശീയ ഹരിതസേനയുടെ പ്രകൃതിപഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിഞാന്‍ കരുതുന്നു. കൊട്ടാരക്കര പടിഞ്ഞാറ്റിന്കര ഗവ.യു.പി.സ്കൂളിലെ 38വിദ്യാര്‍ത്ഥികളും 5അധ്യാപകരും അടങ്ങുന്ന ഒരു സംഘം12.2.2014 ബുധനാഴ്ച രാവിലെ 'തെന്മല ശെന്തുരുണി വന്യജീവി സങ്കേത'ത്തില്‍ എത്തി.കേരളത്തിലെ ആദ്യ വനിതാറേഞ്ച് ആഫീസറായ ശ്രീമതി.ലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വന്യജീവിസങ്കേതത്തെക്കുറിച്ച് ലഘുവിവരണം നല്കി.ഈ സങ്കേതത്തിന് ശെന്തുരുണി എന്നു പേരു വന്നത് സഹ്യപര്‍വ്വതമലനിരകളുടെ ഈ ഭാഗത്ത് 'ചെങ്കുറുഞ്ഞി' മരങ്ങള്‍ ധാരാളമുള്ളതു കൊണ്ടാണെന്നത് പുതിയ അറിവായിരുന്നു.ലോകത്ത് ഇവിടെ മാത്രമേ ചെങ്കുറു‍ഞ്ഞി മരങ്ങള്‍ കാണപ്പെടുന്നുള്ളൂ.
                         ആദ്യം പോയത് 'മത്സ്യഫെഡിന്റെ അക്വേറിയ'ത്തിലേക്കായിരുന്നു.അവിടെ 25ലേറെ ശുദ്ധജലമത്സ്യങ്ങളെ കണ്ടു.അവയില്‍ എനിക്ക് ഏറെ ഇഷ്ടമായത് 'miss kerala' ആണ്. അതിനു ശേഷം'അഡ്വഞ്ചര്‍ സോണി'ലെ മരങ്ങള്‍ക്കുമുകളിലൂടെയുള്ള 'കാനോപ്പി വാക്കിംഗ്''ആയിരുന്നു.മുകളില്‍നിന്നും താഴേക്ക് നോക്കിയപ്പോള്‍ എനിക്ക് പേടിയായി!പിന്നീട് ബോട്ടിംഗ് കഴിഞ്ഞ് Rock climbing,Rope ladder,Commando net,Burma bridge,എന്നിവയിലെല്ലാം കയറി.കുറച്ചു പേര്‍ വെടി വയ്പും പരിശീലിച്ചു.എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.
                    ഉച്ചയൂണിനു ശേഷം 'കട്ടിളപ്പാറ'യിലേക്കാണ് പോയത്. കാട്ടുതീയുണ്ടാകാതെ വനത്തെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി. 'Fire line 'ഉണ്ടാക്കി കാണിച്ചു.അവിടുത്തെ 'മിരിസ്ററിക്ക സ്വാമ്പ്'' എന്ന ചതുപ്പില്‍ വളരുന്ന മരങ്ങളുടെ വേരുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തറനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ നിന്നും വേരുകള്‍ മണ്ണിലേക്ക് ഇറങ്ങിയിരിക്കുന്നു. അവ ശ്വസനത്തിനു സഹായിക്കുന്നു . ഇവിടെ വന്യജീവികള്‍ക്കു വേണ്ടി 55 കുളങ്ങളുണ്ട്,അവയ്കെല്ലാം കൂടി172.കി.മീ വിസ്തൃതിയുണ്ട്.വംശനാശഭീഷണി നേരിടുന്ന ധാരാളം ജീവികള്‍ ഇവിടെയുണ്ട്.കടുവാചിലന്തിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചിലന്തിയെ കണ്ടു.കടുവാചിലന്തി ഇര പിടിക്കുന്ന രീതിയും ചിലന്തിയും ഷഡ്പദവും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കി. ധാരാളം ഔഷധസസ്യങ്ങള്‍ കണ്ടു.പല തരം പക്ഷികളെ നിരീക്ഷിച്ചു.ശെന്തുരുണി,കഴുതുരുട്ടി,കുളത്തൂപ്പുഴ എന്നീ നദികള്‍ ചേരുന്ന പരപ്പാര്‍ ഡാമില്‍ കല്ലട ജലസേചനപദ്ധതിയുണ്ട്.2 ജനറേറ്ററുകളിലായി14 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്നു.
                          വൈകുന്നേരം 'മാന്‍ പാര്‍ക്കി'ലെത്തി. മ്ലാവ് ,കലമാന്‍,കേഴമാന്‍, കൂരമാന്‍,പുള്ളിമാന്‍,വാത്ത എന്നിവയെ കണ്ടു.കുട്ടികളുടെ പാര്‍ക്കിലെ നക്ഷത്രവനം കണ്ടു.
                           അടുത്ത ദിവസം അതിരാവിലെ 'വനയാത്ര'യായിരുന്നു. ധാരാളം വൃക്ഷങ്ങള്‍ പരിചയപ്പെട്ടു. പൂവര്‍ണ്ണം,തോല്‍ഞാവല്‍, ഇടന, പശക്കൊട്ട,ദന്തപാല, മയില,പട്ടിപ്പുന്ന,ചമത,മൊട്ടല്‍, താന്നി,തുടങ്ങിയവ അവയില്‍ ചിലതു മാത്രം .മലമുഴക്കി, കോഴിവേഴാമ്പല്‍,മലയണ്ണാന്‍ ,കുരങ്ങ്,എന്നിവയേയും കണ്ടു.
                      'ഏണിപ്പാറ'യില്‍ നിന്നു നോക്കുമ്പോഴുള്ള ശെന്തുരുണിയുടെ പ്രകൃതിസൗന്ദര്യവും,പരപ്പാര്‍ ഡാമിന്റെ ദൃശ്യവും വളരെ മനോഹരമാണ്.                 തിരികെ വന്ന് 'ഔഷധസസ്യത്തോട്ടം', 'ചിത്രശലഭപാര്‍ക്ക് 'എന്നിവ സന്ദര്‍ശിച്ചു.ചിത്രശലഭത്തിന്റെ ജീവിതചക്രവും,ഇന്ത്യയിലെയും ലോകത്തിലെയും ഏറ്റവും വലിയ ചിത്രശലഭങ്ങളുടെ ചിത്രങ്ങളും നിരീക്ഷിച്ചു.അതിനു ശേഷം' ലഷര്‍ സോണി'ല്‍ പോയി.'ശില്പോദ്യാനം ' സന്ദര്‍ശിച്ചു. 'തൂക്കുപാല'ത്തില്‍ കയറിയപ്പോള്‍ അതിന്റെ കുലുക്കം എന്നെ വല്ലാതെ ഭയപ്പെടുത്തി. ഉച്ചഭക്ഷണത്തിനു ശേഷം ക്യാമ്പ് അവലോകനം സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയായിരുന്നു. 4മണിക്ക് അവിടെനിന്നും തിരിച്ച് 6മണിയോടെ സ്കൂളിലെത്തി. വനത്തിന്റെ മനോഹാരിത അടുത്തറിഞ്ഞ ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല..............
                                                       ശ്രീരശ്മി.എസ്
                                                                      5A

11 comments: