Monday, 10 March 2014

അന്താരാഷ്ട്ര വനിതാ ദിനം-ലേഖന മത്സരം


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുനടത്തിയ ലേഖന മത്സരത്തില്‍ നിന്നും

വിഷയം :സ്ത്രീ സമൂഹത്തിന്റ വളര്‍ച്ച

"പിതാ രക്ഷതി കൗമാരേ
ഭര്‍ത്രോ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി"

''നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ
നാരായവേരുകള്‍ നാരകീയാഗ്നികള്‍''
എന്നീ പ്രശസ്ത വരികളെ തിരുത്തിക്കുറിച്ച് ആധുനികയുഗത്തില്‍ സ്ത്രീസാന്നിധ്യം വര്‍ദ്ധിച്ചു വരുന്നു. മാനവവംശത്തിന്‍റ യശസ്സുയര്‍ത്താന്‍ പോന്ന അധികാര അവകാശ മേഖലകളില്‍ സ്ത്രീ സമൂഹം ഇന്ന് സുസജ്ജരാണ്. രാഷ്ട്രീയ തലം മുതല്‍ സാമൂഹിക സാംസ്കാരിക തലങ്ങളില്‍ വരെ ഇന്ന് സ്ത്രീസമൂഹം നിലയുറപ്പിച്ചു കഴിഞ്ഞു. വൈദ്യശാസ്ത്രരംഗത്തും ശാസ്ത്ര ഗവേഷണ മേഖലകളിലും അവഗണിക്കുവാന്‍ കഴിയാത്ത സംഭാവനകള്‍ സമര്‍പ്പിക്കുവാന്‍ നാരീസമുഹത്തിനു സാധ്യമായിട്ടുണ്ട്.
ആദ്യഭാഗത്തു സൂചിപ്പിച്ച കവിതാശകലങ്ങള്‍ വനിതാവിഭാഗത്തിനെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിഞ്ഞിരുന്ന ഇന്നലെകളെ ഓര്‍മ്മിപ്പിക്കുന്നു. ജീവിക്കുവാനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശവും ഒരു കാലത്ത് സ്ത്രീ സമൂഹത്തിനു നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അതില്‍ നിന്നുമൊക്കെ മോചനം നേടി വേറിട്ട ഒരു ജീവിതപാതയിലൂടെ സഞ്ചരിക്കുകയാണ് സ്ത്രീ സമൂഹം.
ഇന്നത്തെ ആധുനികയുഗത്തിലെ സ്ത്രീകളില്‍ ഏറിയ പങ്കും സാമ്പത്തിക സ്വയം പര്യാപ്തതയും ഏറെക്കുറെ സാമ്പത്തിക സ്വാതന്ത്ര്യവും അനുഭവിക്കുന്നവരാണ്.
ഭാരതത്തിലെ സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഉത്തമോദാഹരണങ്ങളാണ് ഇന്ത്യയുടെ മിസൈല്‍ വനിത ടെസ്സി തോമസ്സ്, ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രിക കല്‍പ്പന ചൗള, ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് ധീരയായി പോരാടിയ ഝാന്‍സീറാണി,പാവങ്ങളുടെ അമ്മ എന്ന ബൃഹത് വിശേഷണത്തിനുടമയായ മദര്‍ തെരേസ തുടങ്ങിയ വനിതകള്‍.
ഗ്രാമീണ തൊഴില്‍ മേഖലകളിലെ തൊഴിലുറപ്പു പദ്ധതി,കുടുംബശ്രീ,ജനശ്രീ പദ്ധതികള്‍ എന്നിവയിലൂടെ സാധാരണക്കാരായ അനേകം സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിയിരിക്കുന്നു.സ്ത്രീകള്‍ കടന്നു ചെല്ലാത്ത ഒരു മേഖലയും ഇന്ന് നാട്ടിലില്ല. രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി സര്‍വ്വോപരി സമ്പന്നതക്കു വേണ്ടി സ്ത്രീ സമൂഹം പ്രവര്‍ത്തിക്കുന്നു. അതു കൊണ്ടു തന്നെ അവള്‍ സമൂഹത്തില്‍ പുരുഷനുള്ള അതേ സ്ഥാനം അര്‍ഹിക്കുന്നു.സ്ത്രീ പുരുഷ സമത്വം അംഗീ കരിക്കാത്ത ഏതൊരു സമൂഹവും സംസ്കാര ശൂന്യവും അപരിഷ്കൃതവുമായിരിക്കും. എല്ലാ വര്‍ഷവും മാര്‍ച്ച് 8 വനിതാ ദിനമായി ആചരിക്കുന്നു. ഇത് വെറുമൊരു ദിനാചരണമായി ഒതുക്കാതെ സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം..
                             മുഹ്സിന.ജെ
                                      Std-7A

11 comments: