Wednesday, 26 March 2014

ലോക ജല ദിനം-വര്‍ണ്ണന


                    
വര്‍ണ്ണന
വേനല്‍
സൂര്യന്റെ കാഠിന്യമേറിയ ചൂടില്‍ കത്തിയെരിയുന്ന തീജ്വാലയുടെ പ്രതീകമാണ് വേനല്‍. വൃക്ഷലതാദികളുടെ നിസ്സഹായതയുടെ കൊടും രോദനമാണ് ചുറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചില്ലയെ മറന്ന് ഇലകള്‍ കൊഴിഞ്ഞു വീഴുന്നു. എവിടെ നിന്നോ വരുന്ന ചെല്ലക്കാറ്റിനു പോലും വേനലിന്റെ തീവ്രമായ അനുഭുതിയാണ് പകര്‍ന്നുനല്‍കാന്‍ കഴിയുന്നത്.മണല്‍പ്പരപ്പിനെപ്പോലും ഭസ്മമാക്കി പറപ്പിക്കുവാനുള്ള കരുത്താര്‍ജ്ജിച്ച ചെകുത്താന്റെ രൂപമാണ് നാമിപ്പോള്‍ വേനലില്‍ കാണുന്നത്.

നുരപതഞ്ഞൊഴുകുന്ന പുഴവക്കില്‍ ചെന്നിരിക്കുമ്പോള്‍ കുളിരൂറുന്ന തഴുകലിന്റെയും തലോടലിന്റെയും അനുഭൂതിയാണ് നമുക്കുണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് പുഴയുടെ മാറില്‍ മയങ്ങിയിരുന്ന മണലിനെ നേരിട്ടു കാണുവാനുള്ള ദൗര്‍ഭാഗ്യമാണ് നമുക്ക് ഉണ്ടായിരിക്കുന്നത്. ചുള്ളിക്കമ്പുകളാല്‍ നിര്‍മ്മിക്കപ്പെട്ട ശില്പങ്ങള്‍ പോലെയായിരിക്കുന്നു മരങ്ങളുടെ അവസ്ഥ. അവശതയുടെ ചിറകുകളുമായി ദാഹനീരിനായി കേഴുന്ന കിളികളും ദാഹജലം തേടി നാട്ടിലേക്കിറങ്ങുന്ന വന്യ മൃഗങ്ങളും വേനലിന്റെ ദാരുണാവസ്ഥയുടെ പ്രതീകങ്ങളാണ്.

ഒരു പുതു നാമ്പിനായി കാത്തിരിക്കുന്ന ചെടികളും തരിശായി നിരന്നു കിടക്കുന്ന ഭൂമിയും അതിനു മുകളിലുയരുന്ന സൗധങ്ങളും ഭൂമിക്കുണ്ടാക്കുന്ന അടങ്ങാത്ത നൊമ്പരം എന്റ മനസ്സില്‍ വല്ലാതെ സ്പര്‍ശിക്കുകയും ആഴത്തില്‍ മുറിവേല്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്റെ ക്രൂരതകളെ താങ്ങാനും അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെട്ട ഭുമിയെയും പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നവരാകാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം........
                                                                                                           ശ്രീലക്ഷ്മി. S                                                                            7-A
                     
      

4 comments:

  1. വീണ്ടും വായിക്കാന്‍ തോന്നുന്നു. ഹൃദയസ്പര്‍ശിയായ ഭാഷ.കമന്റ് നാളെ.

    ReplyDelete
    Replies
    1. 'എവിടെ നിന്നോ വരുന്ന....'. എന്നിടത്ത് 'തീവ്രമായ അനുഭൂതി' എന്നതിനു പകരം 'തീക്ഷ്ണമായ അനുഭൂതി' മാത്രമാണ് എന്നു ചേര്‍ക്കുന്നത് നന്നാവുമോ? 'തീവ്രമായ അനുഭൂതി'കാറ്റിനോട് സന്ദര്‍ഭത്തിനു യോജിക്കാത്ത ഒരു പ്രതീതി ജനിപ്പിക്കുന്നില്ലേ ? ചുള്ളിക്കമ്പുകളാല്‍ നിര്‍മിക്കപ്പെട്ട....... തുടങ്ങിയ പ്രയോഗങ്ങള്‍ അസ്സലായി. അവസാനത്തെ വരിയില്‍ ക്രൂരനായ മനുഷ്യന്റെ ചെയ്തികള്‍ക്ക് എഴുത്തുകാരിയുടെ തീരുമാനം വഴങ്ങിപ്പോകുന്നതുപോലെ തോന്നി. വിധിയെ മാറ്റി നിര്‍ത്തരുതോ? വാക്കുകള്‍ മൂര്‍ച്ചപ്പെടുത്തൂ, ഇനിയും. വാക്കുകള്‍ക്ക് വെടിയുണ്ടകളെക്കാള്‍ ശക്തിയുണ്ടെന്നല്ലേ ?
      എഴുത്തിന്റെ കരുത്തിന് - വീണ്ടും വായിക്കാന്‍ പ്രചോദിപ്പിച്ചതിന്- നന്ദി.

      Delete
    2. വിലയേറിയ അഭിപ്രായത്തിനു വളരെയേറെ.... നന്ദി....''തീക്ഷ്ണമായ അനുഭൂതി ''എന്നതു തന്നെയായിരുന്നു കൂടുതല്‍ യോജിച്ചത്. എന്നാല്‍ എഴുത്തുകാരിയുടെ വാക്കുകള്‍ അതേപടി ചേര്‍ക്കുകയായിരുന്നു.ഇനി മുതല്‍ എഡിറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാം.

      Delete
  2. വേനലിന്റെ നേര്‍ക്കാഴ്ച്ച പോലെ................

    ReplyDelete